KOYILANDY DIARY.COM

The Perfect News Portal

വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതി പുരസ്ക്കാരം കൊയിലാണ്ടി നഗരസഭ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

കൊയിലാണ്ടി: വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് വേണ്ടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി അദ്ധ്യക്ഷയായി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, വികസന കാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്, സെക്രട്ടറി ഇന്ദു എസ് ശങ്കരി, കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി, ജമാൽ, ഷബില. കെ, അനുഷ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തനതായ പ്രവർത്തന ശൈലി കൊണ്ടും, നഗരസഭയുടെ കൃത്യമായ ഇടപെടലുകൾക്കൊണ്ടുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ നിരന്തര പ്രവർത്തനവും, ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ നഗരസഭയുടെ പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നു. കൂടാതെ വനിതാ ഹെൽപ് ഡസ്ക്, കൗൺസിലിംഗ് സേവനം, നിയമസഹായം, റെഫറൽ സേവനം, ഫുഡ്‌ ഓൺ വാൾ തുടങ്ങിയ സേവനങ്ങളും പെണ്ണിടത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ നഗരസഭക്ക് സാധിക്കുന്നു.

Advertisements

44  വാർഡുകളിലും ജാഗ്രത സമിതി ചേരുകയും ഈ സമിതികളുടെ ഏകോപനമായി നഗരസഭാതലത്തിലും മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചുള്ള ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. വരുന്ന പരാതികൾ സമയബന്ധിതമായി ചർച്ച ചെയ്ത് ആവിശ്യമായ നിർദേശങ്ങളും പരിഹാരങ്ങളും ഉണ്ടാക്കുന്നു. മാസത്തിൽ കൃത്യമായി ജാഗ്രതാ സമിതി യോഗം ചേരുന്നു. നിരന്തര ബോധവത്കരണ ക്ലാസ്സുകളിലൂടെയും, സ്ത്രീശക്തികരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതി പ്രാധാന്യം എത്തിക്കാൻ സാധിക്കുന്നു. ജാഗ്രത സമിതി പ്രവർത്തനങ്ങൾക്കായി നഗരസഭ എല്ലാ വർഷവും തുക വകയിരുത്തിവരുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് മികച്ച അംഗീകാരം ലഭിക്കുന്നതിന് ഇടയാക്കിയത്.

Share news