വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. അതേസമയം, പ്രതിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി പ്രതിയെ റിമാന്‍ഡ് ചെയ്യും. പ്രതി അഫാന്‍ ആശുപത്രിയില്‍ തുടരും.

അതേസമയം, അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമിയുടെ മൊഴിയെടുക്കാന്‍ പൊലീസിന് ഡോക്ടര്‍ അനുമതി നല്‍കി. ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. തിങ്കളാഴ്ചയാണ് അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. മുത്തശ്ശി, സഹോദരന്‍, കാമുകി, അച്ഛന്റെ സഹോദരനും ഭാര്യയും എന്നിവരെയാണ് ഇയാള്‍ കൊന്നത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ ഏറെ നിര്‍ണായകമാകുക പ്രതി അഫാന്റെയും മാതാവ് ഷമിയുടെയും മൊഴികളാണ്. ചികിത്സയിലുള്ള ഷമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ച സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുപ്പ് വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എന്നാണ് പൊലീസിന്റെ നിഗമനം.

