KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യാഗേറ്റിലുമെത്തി കുടുംബശ്രീയുടെ രുചി

ന്യൂഡൽഹി: കുടുംബശ്രീയുടെ രുചി ഇനി രാജ്യ തലസ്ഥാനത്തും ലഭ്യമാവും. കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാല ഇന്ത്യ ഗേറ്റിന് അടുത്തായി വിജയകരമായി പ്രവര്‍ത്തിക്കുകയാണിപ്പോൾ. ഒരു മാസം മുൻപാണ്‌ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചത്‌. കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കഫേ സന്ദര്‍ശിച്ചു.

കെ ജി മാര്‍ഗിന് എതിര്‍വശം അമര്‍ ജ്യോതിയിലേക്കുള്ള വഴി അകത്തേക്കു കടന്ന് വലത്തേക്കു തിരിഞ്ഞാല്‍ താഴെ സബ് വേയില്‍ അമിനിറ്റി ബ്ലോക്കിലാണ് കുടുംബശ്രീ കഫേ. സംസ്ഥാന കുടുംബശ്രീ മിഷന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്ഥലത്താണ് ഈ ഭക്ഷണശാല. കേരളത്തിന്റെ തനതു രീതിയിലുള്ള ചായ, പ്രഭാത ഭക്ഷണം, ഊണ്, ചെറുകടികള്‍ എന്നിവയെല്ലാം മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും.

 

കാസര്‍ഗോഡ് സല്‍ക്കാർ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ ലീന സുരേന്ദ്രനും രഞ്ജിനി രവീന്ദ്രനുമാണ് നിലവില്‍ കഫേയുടെ നടത്തിപ്പുകാര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ മാറി മാറി കഫേയുടെ മേല്‍നോട്ടവും പാചകവും നിര്‍വഹിക്കാനെത്തും. അതുകൊണ്ടുതന്നെ കഫേയില്‍ രുചി വൈവിധ്യവും ഉറപ്പിക്കാം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ന്യൂഡല്‍ഹിയിലെ കുടുംബശ്രീ കഫേ സന്ദര്‍ശിച്ചു. ലീന സുരേന്ദ്രന്‍ തയ്യാറാക്കിയ വെട്ടുകേക്കിന്റെ രുചിയാണ് കെ വി തോമസിന് ഏറെ ഇഷ്ടമായത്. കൂടെ തനി നാടന്‍ കാപ്പിയും.

Advertisements

 

Share news