ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസ്; രണ്ട് പേരെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സായിദ്, കൊച്ചി സ്വദേശി വർഗീസ് എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് പിടിയിലായത്. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പു സംഘത്തിന് നല്‍കിയത്. രാജ്യാന്തര വേരുകളുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളായ നാല് തമിഴ്നാട്ടുകാരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപയാണ് രണ്ട് വർഷത്തിനിടെ സംഘം തട്ടിയെടുത്തത്.

തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 10 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിന്റെ അന്വേഷണം. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് നേരത്തെ പിടിയിലായവർ. 2023ലാണ് സംഘത്തിന്റെ തട്ടിപ്പുകളുടെ തുടക്കം. വിവിധ ലോണാപ്പുകൾ തുടങ്ങി അതിലൂടെ ലോൺ നേടുന്നവരുടെ സ്വകാര്യ വിവരങ്ങൾ മൊബൈലിൽ നിന്ന് ചോർത്തിയെടുത്ത് ഭീഷണിപ്പെടുത്തിയും സംഘം തട്ടിപ്പ് നടത്തി. വായ്പയെടുത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തുള്ള ഭീഷണിയെ തുടർന്ന് പലരും ജീവനൊടുക്കിയിരുന്നു.

