കോഴിക്കോട് എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ. ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഹൗസിൽ ഷഫ്‌വാൻ വി (31), ഞാവേലി പറമ്പിൽ ഹൗസിൽ ഷഹദ് എൻ.പി (27) എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കുന്ദമംഗലം എസ്. ഐ നിതിൻ എ യുടെ നേത്യത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടി.

ബംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 38.6 ഗ്രാം എം ഡി. എം യുമായിട്ടാണ് കുന്ദമംഗലം ഓവുങ്ങരയിൽ വെച്ച് ഇവർ പിടിയിലാവുന്നത്. പിടികൂടിയ ലഹരിമരുന്ന് ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങൾ കേന്ദ്രീകരിച്ച വിൽപനക്കായി കൊണ്ട് വന്നതാണ്. പിടികൂടിയ എംഡിഎംഎക്ക് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വില വരും. വാട്സ് ആപ്പ് വഴി ലഹരിക്കായി ആവശ്യക്കാർ ബന്ധപെട്ടാൽ 1ഗ്രാമിൻ്റെ ചെറുപാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്.

ഷഫ് വാന് ഡ്രൈവർ പണിയാണ്. ഇയാൾ മുംബൈ പോലീസാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയതിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും കൂടാതെ ഫറോക്ക് സ്റ്റേഷനിലും അടിപിടി കേസും ഉണ്ട്. ഷഹദ് കോഴിക്കോട് ജില്ലയിലെ ബസ്സ് കണ്ടക്ടറാണ്. ഇയാൾക്ക് ഫറോക്ക് സ്റ്റേഷനിൽ അടിപിടി കേസും, കഞ്ചാവ് ഉപയോഗിച്ച കേസും ഉണ്ട്. രണ്ട് പേരും ഇപ്പോൾ ജോലിക്കൊന്നും പോകാതെ ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് വരികയായിരുന്നു.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിൽ ഇവരുടെ ലഹരി കച്ചവടത്തെ പറ്റി മനസ്സിലാക്കി രണ്ട് മാസത്തോളമായി ഇവരെ നിരീക്ഷിച്ചതിലാണ് ഇവർ പിടിയിലാവുന്നത്. ഡാൻസാഫ് എസ്. ഐ മനോജ് ഇടയേടത്ത്, എസ്.ഐ അബ്ദുറഹ്മാൻ കെ, എ. എസ്. ഐ അനീഷ് മൂസേൻവീട്, അഖിലേഷ് കെ, ലതീഷ്. എം. കെ, സരുൺ കുമാർ. പി. കെ, ശ്രീശാന്ത്. എൻ. കെ, ഷിനോജ്. എം, അതുൽ ഇ. വി, അഭിജിത്ത്. പി, ദിനീഷ്. പികെ, കുനമംഗലം സ്റ്റേഷനിലെ എസ്. ഐ ജിബിഷ, വിജേഷ് എം, അജീഷ് കെ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
