KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ട് അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്.  ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടാത്തതെന്ന് സംശയിച്ച ഒരു ഗുണ്ട് ഏറെ നേരത്തിനുശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പൊടുന്നനെ പൊട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെയായതിനാല്‍ കാവില്‍ ആളുകള്‍ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ പരുക്കുകള്‍ നിസാരമാണ്. സാരമായി പരുക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പല ആളുകളും നിലത്തിരുന്നതിനാല്‍ അപ്രതീക്ഷിതമായി ഗുണ്ട് തൊട്ടടുത്ത് പൊട്ടിയപ്പോള്‍ അതിവേഗം ഓടിമാറാന്‍ സാധിച്ചില്ല. ഒരാളുടെ തുടയെല്ല് തകര്‍ന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Share news