വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത മകന് സംശയത്തിന്റെ നിഴലില്‍

കാസര്‍ഗോഡ്: വീട്ടില്‍ തനിച്ച് താമസിച്ചു വരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂത്ത മകന് സംശയത്തിന്റെ നിഴലില്‍. പനയാല്‍ കാട്ടിയടുക്കത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പരേതനായ പക്കീരന്റെ ഭാര്യ ദേവകി (68 ) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ജനുവരി 13 ന് വൈകീട്ട് 5.30 ഓടെയാണ് ദേവകി മരിച്ചതായി ബാഹ്യ ലോകം അറിഞ്ഞത്. സമീപത്ത് തന്നെ താമസിക്കുന്ന ദേവകിയുടെ മൂത്ത മകന് ചെങ്കല്‍ ക്വാറി തൊഴിലാളിയായ ശ്രീധരനാണ് മരിച്ച വിവരം നാട്ടുകാരെ അറിയിച്ചിരുന്നത്. ശ്രീധരനു നേരെ തന്നെയാണ് അന്വേഷണം എത്തി നില്ക്കുന്നതും.
കൊലക്കേസ് അന്വേഷണത്തില്‍ അസാധാരണമായ നടപടിയാണ് ദേവകി കൊലക്കേസില്‍ പൊലീസ് സ്വീകരിച്ചത്. സാക്ഷികള്‍ക്കൊപ്പം സംശയത്തിന്റെ നിഴലിലായ ശ്രീധരനെ കൂടി നിര്‍ത്തിയാണ് ചോദ്യം ചെയ്തത്. ശ്രീധരന് മൊഴികള്‍ മാറ്റി പറയാനും ഇടക്കിടെ ശ്രമം നടത്തിയിരുന്നു. ശ്രീധരന്റെ മൊഴിയിലെ പരസ്പര വിരുദ്ധനമായ കാര്യങ്ങള്‍ കൊണ്ടു തന്നെ പൊലീസ് അന്വേഷണത്തില്‍ തുമ്പുണ്ടാക്കാനും കഴിഞ്ഞിരുന്നില്ല. സാക്ഷിമൊഴികളെല്ലാം ശ്രീധരനു എതിരെയുള്ള അവസ്ഥയിലുമായിരുന്നു.

ഹിപ്നോട്ടിസത്തിന് വിധേയമാക്കിയപ്പോഴും കെട്ടിച്ചമച്ച മൊഴികളായിരുന്നു ശ്രീധരന് നല്‍കിയിരുന്നത്. അതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിക്കും കുഴങ്ങി. എന്നാല്‍ ശ്രീധരനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സാക്ഷിമൊഴികളും ശ്രീധരനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ചേര്‍ത്ത് പൊലീസ് എത്തുന്നത് ശ്രീധരനിലേക്കു തന്നെയാണ്. ഇതില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചു വരുന്നത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നത്തോടെ നാടിനെ നടുക്കിയ ദേവകി കൊലക്കേസിന്റെ അന്വേഷണം ക്ലൈമാക്സിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. എന്നിരുന്നാലും കൊലയാളി ആരെന്നും അയാളുടെ ലക്ഷ്യമെന്താണെന്നും സംശയാതീതമായി തെളിയിക്കേണ്ടതുണ്ട്. ഫോറന്‍സിക് ലാബിലേക്കയച്ച മുടികളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.

ദേവകിയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച മൂന്ന് മുടികളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. ഇതാണ് ദേവകി കൊലക്കേസിലെ പ്രധാന തെളിവ്. ദേവകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്താന്‍ കൊലപാതകി പാവാടകൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ദേവകിയെ അഞ്ച് മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവകിയുടെ വീടുമായി അടുത്ത ബന്ധമുള്ള വരാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു.

ദേവകിയുടെ വീടിന്റെ മുന്‍ വാതില്‍ പാതി തുറന്ന നിലയിലായിരുന്നു. പിന്‍വാതില്‍ പൂര്‍ണ്ണമായും അടച്ചിരുന്നു. ശ്രീധരന് തന്നെയാണ് കൊല നടന്ന വിവരം പുറത്ത് അറിയിച്ചത്. ഡി.വൈ.എസ്പി. കെ. ദാമോദരന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ സിഐ വിശ്വംഭരന് നയിക്കുന്ന പത്തംഗ പൊലീസാണ് ദേവകി കൊലക്കേസ് അന്വേഷണം നടത്തി വരുന്നത്. ശ്രീധരനെ കൂടാതെ മറ്റ് മൂന്ന് മക്കള്‍ കൂടി ദേവകിക്കുണ്ട്.
