KOYILANDY DIARY

The Perfect News Portal

ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ഇരട്ട സെഞ്ച്വറി

ഹൈദരാബാദ്: ക്യാപ്റ്റന്‍ വിരാട് കോലി റെക്കോര്‍ഡ് ഇരട്ട ശതകം നേടിയ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒന്നാമിന്നിങ്സില്‍ കൂറ്റന്‍ സ്കോറിലേക്ക്. 246 പന്തില്‍ 204 റണ്‍സ് നേടിയ കോലിയുടെ ബലത്തില്‍ രണ്ടാം ദിനം ഇന്ത്യ 125 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സ് പിന്നിട്ടു. ആദ്യ ദിനം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലി രണ്ടാം ദിനം ഇരട്ട സെഞ്ചുറിയിലെത്തി. ഇതോടെ തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ട സെഞ്ചുറി കണ്ടെത്തുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന ചരിത്ര നേട്ടം കോലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെയും ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെയും പേരിലുള്ള റെക്കോര്‍ഡാണ് കോലി മറികടന്നത്.

 നേരത്തെ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്റ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ കോലി ഇരട്ട ശതകം നേടിയിരുന്നു. 24 ഫോറിന്റെ അകമ്ബടിയോടെയായിരുന്നു കോലിയുടെ ഇന്നിങ്സ്. മൂന്ന് വിക്കറ്റിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ വിരാട് കോലിയെയും അജിങ്ക്യെ രഹാനെയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. രഹാനെ 133 പന്തില്‍ 82 റണ്‍സ് നേടി. ഇരുവരും നാലാം വിക്കറ്റില്‍ 50 ഓവറില്‍ 222 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. നാലാം വിക്കറ്റില്‍ കോലിയും രഹാനെയും ഇത് മൂന്നാം തവണയാണ് 200ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.

ആദ്യ ദിനം സെഞ്ചുറി നേടിയ മുരളി വിജയും 83 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ നല്‍കിയത്. മുരളി വിജയ് 108 റണ്‍സും പൂജാര 83 റണ്‍സും നേടി. അതേ സമയം ഓപ്പണര്‍ ലോകേഷ് രാഹുലിന് തിളങ്ങാനായില്ല. രണ്ടു റണ്‍സെടുത്ത രാഹുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *