KOYILANDY DIARY.COM

The Perfect News Portal

‘ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; പ്രതി റിജോ പോലീസിനോട്

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനെന്ന് കവർച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടൻ ബാങ്ക് മാനേജർ മാറിത്തന്നു എന്ന് പ്രതി. മാനേജർ ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു.

പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു. എടിഎം കാർഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കിൽ എത്തിയിരുന്നത്. ആദ്യ മോഷണശ്രമത്തിൽ തന്നെ വിജയം കാണുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. മൂന്ന് മിനിറ്റുകൊണ്ടാണ് പ്രതി ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന് കളഞ്ഞിരുന്നത്. ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.

 

 

ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തിൽ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കടം ബാധ്യതയെ തുടർന്ന് ബാങ്കിൽ കവർച്ച നടത്തിയെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് ബാങ്കിൽ നിന്ന് കവർന്ന പണവും കവർച്ചയ്ക്ക് ഉപയോ​ഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

Advertisements

 

കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയിൽ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്. അതേസമയം റിജോ ആൻ്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നൽകിയത്. ഇന്നലെ രാത്രി തന്നെ ഇയാൾ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പണം തിരികെ ഏൽപ്പിച്ചത്.

Share news