കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; 4 വിദ്യാർത്ഥികൾ കൂടി പുതിയതായി പരാതി നൽകി

കോട്ടയം നഴ്സിങ് കോളേജിൽ നടന്ന റാഗിങ്ങിൽ പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ. 4 വിദ്യാർത്ഥികൾകൾ കൂടി പുതിയതായി പരാതി നൽകി. അതേ സമയം, കേസിലെ തൊണ്ടിമുതൽ കണ്ടെത്തി. വിദ്യാർത്ഥികയെ റാഗ് ചെയ്യാൻ ഉപയോഗിച്ച കോമ്പസും, ഡമ്പലുമാണ് കണ്ടെത്തിയത്. നേരത്തേ പരാതി നൽകിയ ഇടുക്കി സ്വദേശി ലിബിൻ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേർകൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇവർ ആദ്യം പരാതി നൽകിയിരുന്നില്ല. സീനിയർ വിദ്യാർത്ഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നിലവിലെ കേസിൽ അറസ്റ്റിലായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെ പി രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻഎസ്. ജീവ, സി റിജിൽ ജിത്ത്, എൻ വി വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നൽകിയതെന്നാണ് വിവരം.

അതിനിടെ റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എടി, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. റാഗിങ്ങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്, കുട്ടികൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കും, പരമാവധി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. വിദ്യാർത്ഥിയെ കെട്ടിയിട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകളില്‍ കോമ്പസ് കൊണ്ട് ആഴത്തില്‍ കുത്തുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയച്ചു. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. എത്രയും വേഗം റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
