കോഴിക്കോടൻ പൈതൃകമറിയാൻ തമിഴ് വിദ്യാർത്ഥികൾ കുറ്റിച്ചിറയിൽ

കോഴിക്കോട് നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര -വാണിജ്യ -സാംസ്കാരികബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർത്ഥികളുടെ പഠനയാത്ര. ഒരാഴ്ചത്തെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രൊഫഷണൽ അറബി ഭാഷാ പരിശീലനത്തിനായി മാങ്കാവിലെ അക്കാദമി ഓഫ് എക്സലൻസിൽ എത്തിയ തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളേജിലെ 35 വിദ്യാർത്ഥികൾക്ക് സിയസ്കോ ഭാരവാഹികൾ കുറ്റിച്ചിറയിൽ സ്വീകരണം നൽകി.

കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും അനാവരണം ചെയ്തുള്ള ഇൻഡോ അറബ് ഹെറിറ്റേജ് വാക്ക് കോർപറേഷൻ കൗൺസിലർ കെ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. സിയസ്കോ ലൈബ്രറി എഡ്യുക്കേഷൻ വിങ്ങുകളുടെ സഹകരണത്തോടെ അക്കാദമി ഓഫ് എക്സലൻസ്, ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അഹമ്മദ് കോയ അധ്യക്ഷനായി.

എം വി ഫസൽ റഹ്മാൻ, പ്രൊഫ. ഷഹദ് ബിൻ അലി, സി പി എം സയിദ് അഹമ്മദ്, ഡോ. സി എം സാബിർ നവാസ്, സലാം കല്ലായി, എസ് സർഷാർ അലി, ആദം കാതിരിയകം, സാബി തേക്കെപ്പുറം, പ്രൊഫ. സി കെ ഉസ്മാൻ, ഡോ. കെ അബൂബക്കർ, പി എൻ റഷീദ് അലി, എസ് എഖുദ്സി എന്നിവർ സംസാരിച്ചു. കുറ്റിച്ചിറ മിഷ്കാൽ മസ്ജിദ്, മുച്ചുന്തി മസ്ജിദ്, ജമാഅത്ത് പള്ളി, ഖാദി ഹൗസ്, കുറ്റിച്ചിറ കുളം എന്നിവ സന്ദർശിച്ചു. വൈവിധ്യമാർന്ന കോൽക്കളിക്ക് പരിശീലകൻ യാസിർ കുരിക്കൾ നേതൃത്വം നൽകി.

