പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.

കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

