KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; ചട്ടലംഘനമുണ്ടായതായി കണ്ടെത്തൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ചട്ടലംഘനമുണ്ടായി എന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. നാട്ടാന പരിപാലന ചട്ടം ലംഘിച്ചു. നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നും റിപ്പോര്‍ട്ട് വനംമന്ത്രിക്ക് സമര്‍പ്പിച്ചുവെന്നും ആര്‍. കീര്‍ത്തി അറിയിച്ചു. സംഭവം ദുഃഖകരമെന്ന് മന്ത്രി വി എന്‍ വാസവന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആന കുത്തി അല്ല മൂന്നുപേരുടെ മരണം ഉണ്ടായത്. കെട്ടിടം ഇടിഞ്ഞു വീണാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിക്കേറ്റ ആളുകളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊയിലാണ്ടി ആശുപത്രിയിലുമായി നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ട് എന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കൃത്യമായ നിര്‍ദ്ദേശം ഇവര്‍ക്ക് നല്‍കിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. മൂന്നു മീറ്റര്‍ അകലെ ആനയെ നിര്‍ത്താന്‍ പാടുള്ളു എന്നും എട്ടു മീറ്റര്‍ അകലെ ജനങ്ങളെ നിര്‍ത്താവു എന്നുള്ളതുമാണ് മാനദണ്ഡം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ തന്നെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Share news