KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ലോക റേഡിയോ ദിനം

ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്.  മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ കേട്ട് ഒരു ദിവസം തുടങ്ങിയിരുന്ന കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. മുറിയുടെ ഒരു കോണിലുള്ള റേഡിയോക്ക് മുന്നില്‍ കൗതുകത്തോടെ വാര്‍ത്തകളും പാട്ടുകളും കേട്ടിരുന്ന മനോഹരമായ കാലത്തിന്റെ ഓര്‍മകളാണ് ലോക റേഡിയോ ദിനം ഉണര്‍ത്തുന്നത്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും റേഡിയോ കേട്ടിരുന്ന മലയാളിയുടെ ഘടികാരവും റേഡിയോ ആയിരുന്നു.

റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയാണ് ഇന്ത്യയില്‍ ശ്രവ്യമാധ്യമത്തിന്റെ അനുഭവം ആദ്യം ജനങ്ങളിലെത്തിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ആയിമാറി. ഒരു ദശാബ്ദത്തിന് ശേഷമാണ് അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. 1943 മാര്‍ച്ച് 12നു അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ആദ്യ റേഡിയോസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗമായിരുന്നു റേഡിയോ. 2011 നവംബറില്‍ യുനെസ്‌കോയിലെ എല്ലാ അംഗരാജ്യങ്ങളും ലോക റേഡിയോ ദിനം ഏകകണ്ഠമായി അംഗീകരിച്ചു. കാലം മാറി. സാങ്കേതിക വളര്‍ച്ചയുടെ മികവില്‍ ആശയവിനിമയ ഉപാധികള്‍ മാറിമാറി വന്നു. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിലും എന്നാല്‍ റേഡിയോ വിശ്വാസ്യത ചോരാതെ ഇപ്പോഴും നിലനില്‍ക്കുന്നു.

Advertisements
Share news