കേന്ദ്ര അവഗണനക്കെതിരെ ബഹുജന പ്രക്ഷോഭം; എം മെഹബൂബ്

കോഴിക്കോട്: കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്. 25ന് ആദായനികുതി ഓഫീസിന് മുന്നിൽ പതിനായിരങ്ങളെ അണിനിരത്തി ഉപരോധം സംഘടിപ്പിക്കുമെന്നും കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സമരത്തിന് മുന്നോടിയായി 16 ഏരിയയിലും 18 മുതൽ 23 വരെ കാൽനട പ്രചാരണ ജാഥകൾ നടത്തും.

കേന്ദ്ര ബജറ്റിനെ തുറന്നുകാണിക്കാനും കേരള ബദലിന് ശക്തിപകരുന്ന സംസ്ഥാന ബജറ്റ് നിർദേശങ്ങളെ വിശദീകരിക്കാനുമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബ്രാഞ്ച് തലത്തിൽ അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കും. ജില്ലയിൽ പാർടിയുടെ ബഹുജന സ്വാധീനം വർധിപ്പിക്കാൻ പുതുമയാർന്ന പരിപാടികൾ ആവിഷ്‌കരിക്കും. ജനങ്ങളുമായുള്ള ബന്ധം വർധിപ്പിക്കും. പാർടി അംഗത്വത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം വർധിപ്പിക്കും. കാൽലക്ഷത്തിലധികമുള്ള ചുവപ്പുസേനാംഗങ്ങളെ സന്നദ്ധ സേവകരായി മാറ്റിയെടുക്കും. അപകടസ്ഥലങ്ങളിൽ കൈത്താങ്ങാകാൻ ട്രോമാകെയർ പരിശീലനം നൽകും.

കോഴിക്കോട്ടെ സാംസ്കാരിക രംഗത്ത് ഇടപെടൽ ശക്തമാക്കും. ശാസ്ത്രബോധവും യുക്തിചിന്തയും ചരിത്രബോധവും വളർത്താൻ വിപുലമായ പ്രചാരണം ഏറ്റെടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത് കായികരംഗത്ത് പ്രത്യേക ഇടപെടലുണ്ടാകും. ഓരോ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വികസന രേഖ തയ്യാറാക്കും. കോഴിക്കോട് നഗരത്തിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാനും തയ്യാറാക്കും. എല്ലാ വർഷവും കാലികമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ദേശീയ സെമിനാർ സംഘടിപ്പിക്കും.

എൽഡിഎഫ് സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കും. വലത്, വർഗീയ ശക്തികളുടെ വികസന വിരുദ്ധ നിലപാട് തുറന്നുകാട്ടുന്ന പ്രചാരണങ്ങൾ പാർടി ഏറ്റെടുക്കും. പാർടി ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കും. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തനം ശക്തമാക്കും. വലിയ ബഹുജന മുന്നേറ്റവും സ്വാധീനവുമുണ്ടാക്കിയ സമ്മേളനമാണ് വടകരയിൽ നടന്നത്. പാർടിയുടെ ഭരണഘടനയനുസരിച്ച് ജനാധിപത്യ രീതിയിലാണ് സമ്മേളന നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത് എന്നിവർ ഉപഹാരം നൽകി.

