നമ്പ്രത്തുകരയിൽ സുരേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യംചെയ്ത് വരുന്നു.

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഉണിച്ചിരാം വീട്ടിൽ സുരേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യംചെയ്ത് വരുന്നു. കുന്നോത്ത് മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (55) എന്നയാളെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തുവരികയാണ്. പരിക്കേറ്റ സുരേഷിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപകടനില തരണംചെയ്തിട്ടില്ല. കഴുത്തിന് ആഴത്തിലുള്ള രണ്ട് മുറിവേറ്റിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് കരുണൻ്റെ വീട്ടിൽ സുരേഷും സുഹൃത്ത് നമ്പ്രത്തുകര പെരുവാക്കുറ്റി സുകുമാരനും ജോലിക്കായെത്തിയത്. ഇതിനിടെ സുകുമാരൻ പണിആയുധം എടുക്കാനായി വീട്ടിൽ പോയി തിരികെയെത്തിയപ്പോഴാണ് സുരേഷ് ഷെഡിൽ ചോരയിൽ കുളിച്ച് കിടക്കുന്നതായി കണ്ടത്. ആ സമയത്ത് കരുണൻ വീടിനകത്തുനിന്ന് പുറത്തേക്കിറങ്ങി സുകുമാരനോട് സുരേഷിന് ഞാൻ കൊടുത്തിട്ടുണ്ടെന്നും നിനക്കുള്ളത് ഇപ്പോൾതന്നെ തരാമെന്നും പറഞ്ഞതോടെ സുകുമാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പോലീസെത്തി സുരേഷിനെ ആശുപത്രിയിൽ കൊണ്ടുപോയത്. സുരേഷ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.


വീട്ടിൽതന്നെ ഉണ്ടായിരുന്ന പ്രതിയെ മനസിലാക്കിയ പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്യുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്യൽ തുടരുകയുമാണ്. വടകര ഡിവൈസ്പി ഹരിപ്രസാദ്, സിഐ ശ്രീലാൽ ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യചെയ്യൽ തുടരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

