വഴിയോര കച്ചവട കേന്ദ്രത്തിൻ്റെയും ഓപ്പൺ സ്റ്റേജിൻ്റെയും ഉദ്ഘാടനം 14ന് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും

കൊയിലാണ്ടി: നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക – ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി ബസ് സ്റ്റാൻസ്റ്റിലെ ഫുട്‌പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി നഗരഹൃദയത്തിൽ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്നാമത്തെയും ജില്ലയിൽ ആദ്യത്തെതുമായ പരിപാടിയുടെ ഉദ്ഘാടനം 14ന് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കുമെന്ന് നഗരസഭാധികൃതർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
.

.
കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ 8 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തി ടൈൽ വിരിച്ച് ഹാൻ്റ് റെയിൽ വെച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവൽക്കരിച്ചിരിക്കയാണ്. തീർത്തും അസംഘടിതമായ രീതിയിൽ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂർത്തീകരിച്ചത്.
.

.
ഈ കച്ചവടക്കാർ നിലവിൽ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. നഗരത്തിൻ്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം നഗരസഭയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾക്കായി പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് 12 ലക്ഷം രൂപ ചെലവിൽ ഓപ്പൺ സ്റ്റേജും നിർമ്മിച്ചിരിക്കയാണ്.
.

.
വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റ്റിഗ് മാർക്കറ്റ്) ഓപ്പൺ സ്റ്റേജിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി 14ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ നിർവഹിക്കും. ചടങ്ങിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും.
