KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കേരള പൊലീസ് രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കേരള പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുരുക്കുംപുഴ ഇടവിളാകത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിയെ കാണാതായതോടെ ബന്ധുക്കള്‍ ഉടന്‍ മംഗലപുരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ സംഘം പൊലീസിനെ തെറി വിളിക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് കാര്‍ പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആ വഴിക്കായി പൊലീസിന്റെ അന്വേഷണം. അന്വേഷണത്തില്‍ കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന വിദ്യാര്‍ഥിയെ പൊലീസ് കണ്ടെത്തി. സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയതിനോടൊപ്പം സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.

 

കഴിഞ്ഞ ശനിയാഴ്ച പകല്‍ 11ന് ഈ വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചുകൊണ്ടു പോയി വീടിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് അന്ന് വൈകിട്ടോടെ തിരിച്ചയക്കുകയും ചെയ്തു. ആ സംഘമാണോ ഈ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisements
Share news