കോഴിക്കോട് കനാൽ സിറ്റി യാഥാർത്ഥ്യമാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോടിനെ കനാൽ സിറ്റിയായി മാറ്റുമെന്നും ആർക്കും അതിൽ സംശയം വേണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമാക്കും- മന്ത്രി പറഞ്ഞു. നവീകരിച്ച കോഴിക്കോട് ടൗൺഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിന്റെ ഒരു പ്രത്യേകത മനോഹരമായ കനോലി കനാൽ നഗരഹൃദയത്തിലൂടെ കടന്നുപോവുന്നു എന്നതാണ്. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജലഗതാഗതപാതയുടെ ഒരുഭാഗം കൂടിയാണത്.

അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും കനോലി കനാൽ നവീകരണത്തിനുമായി 1118 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതി യാഥാർഥ്യമാവുന്നതോടെ നഗരത്തിന്റെ തിരക്കൊഴിവാക്കാനും ചരക്കുവാഹന ഗതാഗതത്തിനും ടൂറിസ്റ്റുകൾക്കും മറ്റും സഞ്ചരിക്കാനും ഇതുപയോഗപ്പെടുത്താനാവും. സംസ്ഥാന സർക്കാർ കോഴിക്കോടിന് ഒന്നും തന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് പച്ചക്കള്ളമാണ്. പശ്ചാത്തല സൗകര്യവികസനത്തിന് ഒരു കാലത്തുമില്ലാത്തത്ര തുകയാണ് കോഴിക്കോടിനായി നീക്കിവെച്ചിട്ടുള്ളത്.

2016-21 കാലയളവിൽ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രകാരം നിരവധി റോഡുകൾ വികസിപ്പിച്ചു. ഇതു നഗരത്തിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാൻ സഹായകമായി. ഇപ്പോൾ നിരവധി റോഡുകൾക്ക് ഇതിനകം ഫണ്ട് അനുവദിച്ചു കഴിഞ്ഞു. വികസനം കാത്ത് റോഡുകളും മേൽപ്പാലങ്ങളും മാളിക്കടവ്-തണ്ണീർ പന്തൽ റോഡ് നവീകരണത്തിന് 15.20 കോടി രൂപ അരയിടത്തുപാലം -അഴകൊടി ക്ഷേത്രം റോഡ് വീതി കൂട്ടി നവീകരിക്കാൻ 6.94 കോടി, കോതിപ്പാലം-ചക്കുംകടവ്- പന്നിയങ്കര റോഡിന് 9.11 കോടി, പെരിങ്ങൊളം ജങ്ഷൻ റോഡിന് 8.55 കോടി എന്നിങ്ങനെ വകയിരുത്തി.

മൂഴിക്കൽ-കാളാണ്ടിത്താഴം റോഡിന് 13.8 കോടി രൂപ, പനാത്തുതാഴം ഫ്ളൈ ഓവറിന് 53.69 കോടി, കരിക്കാംകുളം സിവിൽ സ്റ്റേഷൻ റോഡിന് 37.45 കോടി, മാങ്കാവ്-പൊക്കുന്ന് റോഡിന് 94.20 കോടി എന്നിങ്ങനെയും അനുവദിച്ചു. രാമനാട്ടുകര-വട്ടക്കിണർ റോഡ് (113.10 കോടി), കല്ലുത്താൻ കടവ്-മീഞ്ചന്ത റോഡ് (58.80 കോടി), മാനാഞ്ചിറ-പാവങ്ങാട് റോഡ് വികസനം (98.22 കോടി), പന്നിയങ്കര– പന്തീരാങ്കാവ് റോഡ് (83.94 കോടി), മീഞ്ചന്ത- വട്ടക്കിണർ-അരീക്കാട് ജങ്ഷനിൽ ഫ്ളൈ ഓവർ നിർമാണം (170 കോടി), ചെറുവണ്ണൂർ ഫ്ളൈ ഓവർ (85 കോടി) എന്നിങ്ങനെയും വിനിയോഗിക്കും. ഇതൊക്കെ വിത്തിട്ട പദ്ധതികളാണെന്നും മുളയ്ക്കാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

