KOYILANDY DIARY.COM

The Perfect News Portal

വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവം; വിദേശത്ത് നിന്ന് വന്ന പ്രതി പിടിയിൽ

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ അപകടത്തില്‍ കുട്ടി ദൃഷാനയുടെ മുത്തശ്ശി മരിക്കുകയും കുട്ടി കോമ അവസ്ഥയിലാവുകയും ചെയ്തിരുന്നു.

നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അപകടമുണ്ടാക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തേ, തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്‍പത് വയസുകാരി ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു.

 

 

അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണ് ഇതെന്ന് വ്യക്തമായത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, പിടിക്കപ്പെടുമെന്ന് കരുതിയാണ് കാറിന്റെ രൂപമാറ്റം വരുത്തിയതെന്ന് പ്രതി പറഞ്ഞു.

Advertisements
Share news