ശ്രീനാരായണ ഗുരു ഹാര്‍മണി – 2025 ഇംഗ്ലണ്ടില്‍; മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് കൈമാറി

ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ഹാര്‍മണി – 2025 മെയ് 2, 3, 4 തീയതികളില്‍ ഇംഗ്ലണ്ടില്‍ വെച്ച് സംഘടിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഏകാലോക ദര്‍ശനം ലോകമെമ്പാടും എത്തിക്കുക എന്ന ശിവഗിരി മഠത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തിന് ഒരു ചരിത്രനിമിഷമായാണ് ഈ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈ മൂന്നു ദിവസങ്ങള്‍ വിവിധ ആധ്യാത്മിക, സാംസ്‌കാരിക, ബൗദ്ധിക, സാമ്പത്തിക ചര്‍ച്ചകള്‍ക്ക് സാക്ഷ്യമാകും. ആലുവ അദ്വൈത ആശ്രമ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷം, ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ശ്രീനാരായണ ഗുരുദര്‍ശനം ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാര്‍, ആഗോള ബിസിനസ് മീറ്റ്, യുവജന സമ്മേളനം തുടങ്ങിയവ മൂന്ന് ദിവസങ്ങളില്‍ ആയി നടക്കും.

ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും ശിവഗിരിയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുവാനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരനന്ദ, ശിവഗിരി ആശ്രമം യുകെ പ്രസിഡന്റ് ബൈജു പാലയ്ക്കല്‍, ജോയിന്റ് സെക്രട്ടറിമാരായ സതീഷ് കുമാര്‍, ഗണേശ് ശിവന്‍, അഡ്വ: വി ജോയ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡോ രാജ്‌മോഹന്‍ പിള്ള, ഇന്ത്യന്‍ കോഡിനേറ്റര്‍ ഷിബു കിളിമാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖകരെ പങ്കെടുപ്പിച്ചു. ഗുരുദര്‍ശനം ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ശിവഗിരി മഠം നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഈ പരിപാടി യുകെയിലെ ശിവഗിരി ആശ്രമം ഒരു ആഗോള ധര്‍മകേന്ദ്രമായി മാറുന്നതിന്റെ അടയാളം കൂടിയാകും.

