വന്യജീവി ആക്രമണം തടയാനായി 50 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

വന്യജീവി ആക്രമണം തടയാനായി 50 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് പാക്കേജ് പ്രഖ്യാപിച്ചത്. വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കുക, മറ്റ് ടീമുകളെ ഏകോപിപ്പിക്കുക എന്നിവയ്ക്കായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടി, കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി, തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും എന്നിവയും അനുവദിച്ചിട്ടുണ്ട്.

