സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്ര വാഹന തട്ടിപ്പ്: കോൺഗ്രസ്-ബിജെപി നേതാക്കൾക്ക് പങ്ക്

സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ ഇരുചക്ര വാഹന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണൻ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബിജെപി, കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ. കൊച്ചി നഗരമധ്യത്തിലെ അനന്തു കൃഷ്ണൻ്റെ ഫ്ലാറ്റിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ സ്ഥിരം സന്ദർശകരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാവായ രാധാകൃഷ്ണൻ ഫ്ലാറ്റിൽ പതിവായി വരാറുണ്ടായിരുന്നു എന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
അതെ സമയം, ഇരുചക്രവാഹന തട്ടിപ്പില്‍ അറസ്റ്റിലായ അനന്തു കൃഷ്ണനെതിരെ കോതമംഗലം പോലീസും കേസെടുത്തു. ആറു കോടിയിലധികം രൂപയാണ് കോതമംഗലത്ത് നിന്നും പ്രതി തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി അനന്തു കൃഷ്ണന്റെ കൊച്ചി നഗരത്തിലുള്ള ഫ്‌ലാറ്റില്‍ തിങ്കളാഴ്ച മൂവാറ്റുപുഴ പോലീസ് പരിശോധന നടത്തി.

കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടറും, ലാപ്‌ടോപ്പും നല്‍കാം എന്ന് പറഞ്ഞായിരുന്നു തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍ സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയത്. 9 കോടിയോളം രൂപ തട്ടിയെടുത്തതിന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ ഉള്ള അനന്തു കൃഷ്ണനെതിരെ തിങ്കളാഴ്ച കോതമംഗലം പോലീസും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തങ്കളം ബില്‍ഡ് ഇന്ത്യ ഗ്രയിറ്റര്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയിലാണ് ആദ്യ കേസ്. പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് 3.88 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. കോതമംഗലത്തെ ദര്‍ശന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരാതിയില്‍ 2.18 കോടി രൂപ തട്ടിച്ചതിനും കേസെടുത്തു.

1500 ഓളം പേരാണ് കോതമംഗലത്ത് കബളിപ്പിക്കപ്പെട്ടത്. ഇതിനിടെ പ്രതി അനന്തു കൃഷ്ണന്‍ താമസിച്ചിരുന്ന കൊച്ചി നഗരത്തിലെ ഫ്‌ലാറ്റുകളില്‍ പോലീസ് പരിശോധന നടത്തി. ഹൈക്കോടതി ജംഗ്ഷനിലെ ഫ്‌ലാറ്റില്‍ ആയിരുന്നു അനന്തുവിന്റെയും കൂട്ടരുടെയും താമസം. തട്ടിപ്പിന് കളമൊരുക്കാനാണ് നഗരമധ്യത്തില്‍ തന്നെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് സംശയം. പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് മൂവാറ്റുപുഴ പോലീസും കോതമംഗലം പൊലീസും.

