കേന്ദ്ര ബജറ്റ് ഇന്ന്

കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണിത്. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയാണ് കേരളം വെച്ചുപുലർത്തുന്നത്. വയനാടിനടക്കം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 24,000 കോടിയുടെ പാക്കേജ് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് പുറമെ വിഴിഞ്ഞം തുറമുഖത്തിനും കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 200 കോടി അടക്കമുള്ളവയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് ആവശ്യങ്ങളിൽ ചിലത്.

അതേസമയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നലെ തുടക്കമായി. മോദി സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളെയും പദ്ധതികളെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്നലെ നടന്നിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതില്‍ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. 2047ല്‍ വികസിത ഇന്ത്യയെന്ന് ലക്ഷ്യമിട്ടുളള ബജറ്റാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞത്.

