KOYILANDY DIARY.COM

The Perfect News Portal

കുംഭമേളയിലെ ‘വെള്ളാരം കണ്ണുള്ള സുന്ദരി’; മൊണാലിസ ബോളിവുഡിലേക്ക്

മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിയാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്. ഇപ്പോഴിതാ മൊണാലിസ ബി​ഗ് സ്ക്രീനിലേക്കെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം.

‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകൻ സംസാരിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. മൊണാലിസ കരാറിൽ ഒപ്പിട്ടെന്നാണ് വിവരം. സിനിമയിൽ അഭിനയിക്കാനുള്ള ആ​ഗ്രഹം മൊണാലിസ പ്രകടിപ്പിച്ചിരുന്നു. കുടുംബം സമ്മതിച്ചാൽ സിനിമ ചെയ്യുമെന്നായിരുന്നു പ്രതികരണം. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കശ്മീർ’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആളാണ് സനോജ് മിശ്ര. അടുത്തിടെ ഇദ്ദേഹം മൊണാലിസയെ കാണാൻ പോയതിന്റെ പോസ്റ്റ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു.

 

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവനമാർ​ഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’എന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. തുടർന്ന് പെൺകുട്ടിയെ പിതാവ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

Advertisements
Share news