കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്പർശം 2025 പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്പർശം 2025 പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കോഴിക്കോട് ജില്ലാ പുനരധിവാസ കേന്ദ്രമായ മെഡിക്കൽ കോളേജിന് സമീപമുള്ള ശിശു വികാസ് ഭവനിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ സംസ്ഥാന പ്രവർത്തക സമിതിയംഗം കെ ഷാജിമയിൽനിന്ന് സഹായ ഉപകരണങ്ങൾ കോഴിക്കോട് ശിശുക്ഷേമ സമിതി സെക്രട്ടറി പി ശ്രീദേവ് ഏറ്റുവാങ്ങി.

പദ്ധതിയുടെ ഭാഗമായി ചുവരുകളിൽ വർണചിത്രം ഒരുക്കും. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി സംഗീതം കേൾക്കുന്നതിനുള്ള സൗണ്ട് സിസ്റ്റവും സജ്ജീകരിക്കും. ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. ശിശുക്ഷേമ സമിതി ട്രഷറർ കെ വിജയൻ, വൈസ് പ്രസിഡണ്ട് വി സുന്ദരൻ, ജില്ലാ കമ്മിറ്റിയംഗം എ കെ അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

