രാത്രി തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചതോടെ പ്രതി പുറത്തേക്ക്; ചെന്താമരയെ കുടുക്കിയത് പൊലീസിന്റെ കൃത്യമായ പ്ലാനിങ്ങ്

നെന്മാറ ഇരട്ട കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കുടുക്കിയത് കേരള പൊലീസിന്റെ കൃത്യമായ പ്ലാനിങ്ങ്. ഇന്നലെ രാത്രി തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് വിശപ്പ് സഹിക്കാനാവില്ലെന്ന് നേരത്തെ മനസിലാക്കിയ പൊലീസ് ചെന്താമരയെ കുടുക്കാന്‍ കെണിയൊരുക്കുകയായിരുന്നു.

36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന് സമീപത്തെ പാടത്ത് നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതി ചെന്താമരയ്ക്ക് യാതൊരു കുറ്റബോധമോ പശ്ചാത്താപമോ ഇല്ല. നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്‌നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയുടെ കൊലപ്പെടുത്താന്‍ കാരണമെന്നും ആയിരുന്നു 2019 മൊഴി. എന്നാല്‍ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകം ആസൂത്രിതമായിരുന്നെന്നും അതിനായി ആയുധങ്ങള്‍ വാങ്ങിവെച്ചിരുന്നെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലയ്ക്കു ശേഷം പ്രതി പൊലീസിന്റെ നീക്കങ്ങള്‍ നീരീക്ഷിക്കുകയായിരുന്നുവെന്നും വിഷം കഴിച്ചുവെന്ന ചെന്താമരയുടെ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നും വൈദ്യ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്ന് കണ്ടെത്തിയെന്നും എസ്പി പറഞ്ഞു. ചെന്താമര തന്ത്രശാലിയായ കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു.

