കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ പിടികൂടി. ട്രെയിനിൽ നിന്നും ഹവാല പണം പിടികൂടിയത് റെയിൽവേ പൊലീസും എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ. ബുധനാഴ്ച്ച വൈകിട്ട് 5 മണിക്ക് ശേഷം, മഹാരാഷ്ട്രയിൽ നിന്നും കൊച്ചു വേളിയ്ക്കുള്ള ട്രെയിനിൽ പരിശോധ നടത്തുമ്പോഴാണ് ഹവാല പണം പിടികൂടിയത്.

മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയിൽ നിന്നുമാണ് പണം കണ്ടെത്തിയത്. ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായിട്ടായിരുന്നു പരിശോധന. ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്.

ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസിൽ പൊതിഞ്ഞ്, പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകൾ. കവറുകൾ തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്. പിടിച്ചെടുത്ത പണം രാവിലെ എസ്.ബി.ഐ ബാങ്കിന് കൈമാറി. കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

