KOYILANDY DIARY.COM

The Perfect News Portal

കായിക മേളയിൽ തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്ക് പിൻവലിക്കും

സംസ്ഥാന സ്കൂൾ കായിക മേളയിൽ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്ക് പിൻവലിക്കും. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. കായിക മേളയിൽ മോശം പെരുമാറ്റത്തിനാണ് രണ്ട് സ്‌കൂളുകളെ വിലക്കിയത്. എന്നാൽ അധ്യാപകർക്കെതിരായ നടപടി പുനപരിശോധിക്കുക കമ്മിറ്റി റിപ്പോർട്ടിന് ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.

മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്ത് വെച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിരുന്നു. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ സ്പീക്കർ, പ്രതിപക്ഷ നേതാവ്, കായിക വകുപ്പ് മന്ത്രി, അംഗങ്ങളായ ആന്റണി ജോൺ, കുറുക്കോളി മൊയ്തീൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. എന്നിവരും കെ.എസ്.റ്റി.എ., പി.ജി.റ്റി.എ., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയിൽ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് എന്നോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

Advertisements

 

ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണെന്ന് മന്ത്രി അറിയിച്ചു.

 

എന്നാൽ അന്വേഷണ കമ്മീഷൻ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകർ അവർക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നൽകിയിട്ടില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാർബേസിൽ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

Share news