KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകര ഗോപന് ഇന്ന് കുടുംബം മഹാസമാധി ഒരുക്കും

നെയ്യാറ്റിൻകര ഗോപന് ഇന്ന് കുടുംബം മഹാസമാധി ഒരുക്കും. ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെയാണ് ചടങ്ങ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് മൂന്നിനും നാലിനും ഇടയിലാണ് ചടങ്ങുകൾ പൂർത്തിയാക്കുക. അതേസമയം ഗോപന്റേത് സ്വാഭാവികമരണം എന്ന പുതിയ പ്രചരണമാണ് സംഘപരിവാരം ഉയർത്തുന്നത്. എന്നാൽ അത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ലെന്നും രാസ പരിശോധന ഫലങ്ങൾ വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പോസ്റ്റുമോർട്ടം പൂർത്തിയായെങ്കിലും ആന്തരിക അവയവങ്ങളുടെ പരിശോധന പൂർത്തിയാകാൻ ദിവസങ്ങൾ എടുക്കും. ഇതിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. നെയ്യാറ്റിൻകര സ്വദേശി മണിയൻ എന്ന ഗോപൻ വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. മരിച്ച ശേഷം കല്ലറയിലിരുത്തി സമാധിയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കല്ലറ തുറന്ന് ശരീരം പുറത്തെടുത്ത് പരിശോധിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

Share news