KOYILANDY DIARY.COM

The Perfect News Portal

സി പി ഐ എം പ്രവർത്തകർ മലാപ്പറമ്പിലുള്ള ദേശീയപാതാ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയപാത വികസന പ്രവർത്തി നടക്കുന്നതിനൊപ്പം തദ്ദേശ വാസികൾക്കുണ്ടാവുന്ന പ്രയാസങ്ങൾകൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സി പി ഐ എം പ്രവർത്തകർ മലാപ്പറമ്പിലുള്ള ദേശീയപാതാ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ചേമഞ്ചേരിയെ നെടുകെ പിളർന്ന് എട്ട് കിലോമീറ്റർ ദൈർഘ്യത്തിൽ പോകുന്ന ദേശീയ പാതയിൽ ജനങ്ങൾക്ക് ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് മുറിച്ചുകടക്കുന്നതിന് ഫുട്ട് ഓവർ ബ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുക, സർവീസ് റോഡിന് ആവശ്യമായ വീതി ഉറപ്പാക്കുക, കാപ്പാട് – തുഷാരഗിരി റോഡിൽ കാപ്പാട് നിന്നും വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശന സൗകര്യമുണ്ടാക്കുക, സർവ്വീസ് റോഡ്, ഡ്രെയ്‌നേജ് എന്നിവ ഇല്ലാത്ത ഭാഗത്ത് അവ നിർമിക്കുക, ഡ്രെയ്‌നേജിന്റെ ബലക്ഷയം പരിഹരിക്കുക, ജനവാസ കേന്ദ്രങ്ങളിലേക്ക് മലിന ജലം തുറന്ന് വിടുന്നത് അവസാനിപ്പിക്കുക, ഓട്ടോ-ടാക്സി പാർക്കിംഗ് സൗകര്യമേർപ്പെടുത്തുക തുടങ്ങി പത്ത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ കെ.കെ മുഹമ്മദ്  ഉദ്ഘാടനം ചെയ്തു. സമരത്തെ അഭിസംബോധന ചെയ്ത് പാർട്ടി കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ, ഏരിയാ കമ്മറ്റി മെമ്പർമാരായ കെ. രവീന്ദ്രൻ, പി ബാബുരാജ്, പി സി സതീഷ് ചന്ദ്രൻ, എം നൗഫൽ, ലോക്കൽ സെക്രട്ടറിമാരായ എൻ.പി അനീഷ്, കെ. ശ്രീനിവാസൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പി കെ പ്രസാദ് എന്നിവർ സംസാരിച്ചു.
Share news