KOYILANDY DIARY.COM

The Perfect News Portal

ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മനുഷ്യ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്നും അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. അസ്ഥികൂടത്തിന്റെ ഡിഎന്‍എ പരിശോധനയും മറ്റു ശാസ്ത്രീയ പരിശോധനകളും നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ടാണ് വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിനു സമീപം 25 വര്‍ഷത്തോളമായി അടഞ്ഞു കിടന്ന വീട്ടിനുള്ളില്‍ പോലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്തികളും കണ്ടെത്തിയത്. ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി പായ്ക്കു ചെയ്ത നിലയിലായിരുന്നു അസ്ഥികള്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അസ്ഥികളുടെ ഡിഎന്‍എ പരിശോധനയ്ക്കും മറ്റ് ശാസ്ത്രീയ പരിശോധനകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നു നടക്കും.

 

വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ കുറച്ചു നാളായി സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇന്നലെ വീട് പരിശോധിച്ചത്. കൊച്ചിയിലുള്ള ഡോക്ടര്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വൈദ്യശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് അസ്ഥികള്‍ പായ്ക്ക് ചെയ്തു വെച്ചിരുന്നതെന്ന് പോലീസും ഡോ ഫിലിപ്പും പറഞ്ഞു. അസ്ഥികള്‍ മനുഷ്യന്റേത് തന്നെയാണെന്നും ഏറെ നാളത്തെ പഴക്കമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. അതേ സമയം സംഭവത്തില്‍ വലിയ ദുരൂഹത ഇല്ലെന്നാണ് പോലീസ് നിഗമനം.

Advertisements
Share news