ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി

ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി. കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക കായിക വിനോദത്തിന്റെ വശ്യദൃശ്യങ്ങള്‍ ഇതള്‍ വിരിഞ്ഞപ്പോള്‍, വ്യോമസേനാ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആകാശത്ത് ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകള്‍ നിറച്ചു.

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങള്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണിന് കൊടിയിറങ്ങിയത്. ബേപ്പൂര്‍ മറീന തീരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഈ നാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന്‍റെ ഐക്യത്തിന്‍റെ സഹവര്‍ത്തിത്വത്തിന്‍റെ പേരാണ് ബേപ്പൂര്‍ ഇന്‍റര്‍ നാഷ്ണല്‍ വാട്ടര്‍ ഫെസ്റ്റെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ ലോകത്തിന്‍റെ ഭൂപടത്തില്‍ ഉള്ളയിടത്തോളം കാലം ഈ വാട്ടര്‍ ഫെസ്റ്റുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സമാപനച്ചടങ്ങിൽ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ വിശിഷ്ട അതിഥികളായെത്തി. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കും വിവിധ സേനാ മേധാവികൾക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

