നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാസാംസ്കാരിക രംഗത്തെ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു. ആന്തട്ട യു പി സ്കൂളിൽ വെച്ച് നടന്ന വയോജനോത്സവത്തിൽ അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിൽ നിന്നായി 200ഓളം വയോജനങ്ങൾ പങ്കെടുത്തു.

സിനിമാനാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, ഞാറ്റുപാട്ട്, നാടൻപാട്ട്, പ്രച്ഛന്ന വേഷം, തിരുവാതിര, ഒപ്പന, സംഘനൃത്തം , നാടോടിനൃത്തം, കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്, കളിമൺപ്രതിമ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ പ്രായം വെറും ഒരു സംഖ്യമാത്രമെന്ന് തെളിയിച്ച് കൊണ്ട് വേദികളിൽ നിറഞ്ഞാടി. അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതൻ എ എം, സതി കിഴക്കയിൽ, ഷീബ മലയിൽ, ശ്രീകുമാർ, സ്ഥിരം സമിതി ചെയർമാൻമാരായ ജീവാനന്ദൻ, അഭിനിഷ് കെ, ബിന്ദു സോമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ രജില, സുഹറ ഖാദർ, ബിന്ദു മഠത്തിൽ, ജുബീഷ് കുമാർ, കെ ടിം എം കോയ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
