KOYILANDY DIARY.COM

The Perfect News Portal

50 വർഷത്തെ ആത്മ ബന്ധം: എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ

ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ കുറിച്ചു. ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്ന് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു എന്നും നടൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു.

അനുശോചന കുറിപ്പിന്റെ പൂർണ രൂപം :

Advertisements

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.

Share news