സാധാരണക്കാർക്ക് അനുകൂലമായി ഉദ്യോഗസ്ഥർ ചട്ടങ്ങൾ വ്യാഖ്യാനിക്കണം; മന്ത്രി പി രാജീവ്
 
        ആലുവ: സാധാരണക്കാർക്ക് അനുകൂലമായിട്ടാണ് ഉദ്യോഗസ്ഥർ ചട്ടങ്ങളും നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതെന്നും അങ്ങനെ ഇല്ലാതെ വരുമ്പോഴാണ് മന്ത്രിമാരുടെ സമയം പാഴാകുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്ക് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ സംവിധാനം കാര്യക്ഷമമാകുമ്പോൾ ആവശ്യമില്ലാത്ത പരാതികൾ കുറയുമെന്നും മന്ത്രി പറഞ്ഞു. പരാതികളുടെ എണ്ണത്തിൽ വന്ന കുറവ് സംവിധാനം കാര്യക്ഷമമായി മാറുന്നുണ്ട് എന്നതിന്റെ ഉദാഹരണമായി കാണാമെന്നും മന്ത്രി പറഞ്ഞു. ഇനിയും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാലത്തുകൾ ഓരോന്നും ഓരോ പാഠമാണെന്നു കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കരുതലും കൈത്താങ്ങും ആലുവ താലൂക്ക് അദാലത്തിന്റെ ഉദ്ഘാടന യോഗത്തിൽ ആധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കുമ്പോൾ അക്കാര്യത്തിൽ ഒരു ഇടപെടൽ നടത്താൻ ജനങ്ങൾക്കു കൂടി അവസരം ലഭിക്കുന്നു എന്നതു ജനാധിപത്യത്തിൽ ഏറ്റവും പ്രത്യേകതയാണ്. എന്റെ കാര്യം എന്തായി എന്നൊരു ഓഫീസിൽ പോയി തിരക്കുക അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു വർത്തമാനം പറയാനുള്ള അവസരം കിട്ടിയതിനപ്പുറത്തേക്ക് ഒരു ചർച്ചക്കു പരാതിക്കാരനു സാധാരണഗതിയിൽ അവസരം കിട്ടാറില്ല.

നമ്മുടെ ഓഫീസുകളിൽ ഇത്തരം തുറന്ന സംഭാഷണം അവലംബിച്ചാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു വളരെ വേഗം പരിഹാരം ഉണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം എൽ എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം ഓ ജോൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സബ് കളക്ടർ കെ മീര, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, റജീന, വി ഇ അബ്ബാസ്, തഹസിൽദാർമാരായ ഡിക്സി ഫ്രാൻസിസ്, ജയേഷ് വി വി തുടങ്ങിയവർ പങ്കെടുത്തു.



 
                        

 
                 
                