KOYILANDY DIARY.COM

The Perfect News Portal

അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ എംവിഡി പിടിച്ചെടുത്തു

പത്തനംതിട്ട: അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി ശബരിമലയ്ക്ക് പോയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് പത്തനംതിട്ട ഇലവുങ്കൽ വെച്ച് പിടിച്ചെടുത്തത്. ശബരിമല ശ്രീകോവിലും പതിനെട്ടാം പടിയുടെയും അടക്കമുള്ള രൂപങ്ങൾ കെട്ടിവെച്ച ഓട്ടോറിക്ഷ അപകടമുണ്ടാക്കും വിധത്തിലായിരുന്നു രൂപമാറ്റം വരുത്തിയതെന്ന് എംവിഡി പറഞ്ഞു.

ഓട്ടോറിക്ഷയെക്കാളും ഏറെ വലിപ്പത്തിലായിരുന്നു അലങ്കാരങ്ങൾ കെട്ടിവെച്ചിരുന്നത്. വണ്ടിയുടെ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെതിരെ എംവിഡി മുന്നറിയിപ്പും നൽകിയിരുന്നു.

 

റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് എംവിഡി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. റോഡ് സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ നിർദേശം.

Advertisements

 

Share news