35 ഗ്രാം കഞ്ചാവുമായി ത്യശൂര്‍ സ്വദേശിയെ കോഴിക്കോട് എക്സൈസ് സംഘം പിടികൂടി

കോഴിക്കോട്: 17 പാക്കറ്റുകളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവുമായി തൃശൂര്‍, ചാവക്കാട് എടക്കയൂര് സ്വദേശി റാഫിയെ (35) കോഴിക്കോട് എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 8.35 ന് കോഴിക്കോട് പാളയം ബസ്സ്റ്റാന്‍ഡിനു സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ കോഴിക്കോട്ട് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി വരുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേട്ടുപ്പാളയത്ത് നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിച്ച് വൈ.എം.സി.എ പ്രദേശത്തുള്ള റെയിലിന് സമീപം ഒഴിഞ്ഞ പ്രദേശത്ത് വെച്ച് പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് പതിവ്. ഉന്തുവണ്ടിയില്‍ പഴക്കച്ചവടമെന്ന വ്യാജേനയാണ് കഞ്ചാവ് വില്‍പ്പന.
നഗരത്തിലെ തൊഴിലാളികള്‍, അന്യസംസ്ഥാനക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പതിവുകാര്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുളള റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സാന്റന്‍ സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ഹാരിസ്, കെ.ഗംഗാധരന്, ടി.വി.റിഷിത്ത്കുമാര്, കെ.പി.രാജേഷ്, ആര്.രശ്മി,ഡ്രൈവര്‍ എഡിസണ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
