KOYILANDY DIARY.COM

The Perfect News Portal

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കല്‍പ്പറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതന്‍ പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍ കടവിന് താഴ്ഭാഗത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന്‍ പറഞ്ഞു.

 

അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതികള്‍ ഒളിവിലാണ് എന്നറിയുന്നു. വേഗത്തില്‍ കസ്റ്റഡിയില്‍ എടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവം – മന്ത്രി വ്യക്തമാക്കി.

Advertisements

 

വയനാട് മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Share news