നഷ്ടപ്പെട്ട മകനെ ഒരു വർഷത്തിനുശേഷം തിരിച്ചുകിട്ടി

കോഴിക്കോട്: പോലീസിന്റെ കരുതലിൽ നഷ്ടപ്പെട്ട മകനെ ഒരു വർഷത്തിനുശേഷം തിരിച്ചുകിട്ടി. മകനെ കണ്ടെത്താനുള്ള ഒരു പിതാവിന്റെ കരച്ചിലിനും വേദനക്കും ശാന്തിയും സമാധാനവും നൽകുന്ന ഒന്നായിരുന്നു ടൗൺ സ്റ്റേഷനിൽ വ്യാഴാഴ്ച ഉണ്ടായത്. ഒരു വർഷമായി വീടിനും കുടുംബത്തിനും അകലെയുള്ള യുവാവിനെ തിരിച്ചുകിട്ടിയപ്പോൾ, ഒരു പിതാവിന്റെ കണ്ണുനീരും നന്ദിയും താങ്ങാനാകാത്തതായിരുന്നു.

പോലീസിന്റെ ജാഗ്രതയും കരുതലും ഒപ്പം മനുഷ്യ സ്‌നേഹവുമാണ് ഇതിന് കാരണമായത്. ഒരു പിതാവിന്റെയും അമ്മയുടെയും കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കുമാണ് ഉത്തരം ലഭിച്ചത്. ഇന്നലെ രാത്രി ടൗൺ പോലീസ് പെട്രോളിങ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ കണ്ട യുവാവിനെ ചോദ്യം ചെയ്തതിൽ കല്ലാച്ചി സ്വദേശി ഋഷിരാജ് ആണെന്നും അഞ്ചുവർഷം മുമ്പ് ഗൾഫിൽ പോയി നാലു വർഷം ജോലി ചെയ്തു. ഒരു വർഷം മുൻപ് പാസ്പോർട്ട് വിസയുമായി സംബന്ധിച്ച സാങ്കേതികത്വത്തിൽ പത്ത് ദിവസം ഗൾഫിൽ ജയിലിൽ കിടന്നു.

തുടർന്ന് ബോംബെയിലേക്ക് ഡിപ്പോർട്ട് ചെയ്തുവെന്നും. ബോംബെ, ചെന്നൈ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ കൂലിപ്പണി ചെയ്തു തെരുവിൽ കഴിയുകയാണെന്നും. ഈ അവസ്ഥയിൽ വീട്ടിൽ പോകാൻ കഴിയില്ലെന്നും പറഞ്ഞതിനെ തുടർന്ന് ASI ബിജു മോഹൻ കല്ലാച്ചിയിലുള്ള അവൻറെ അയൽവാസിയെ സമർത്ഥമായി കണ്ടെത്തുകയും, അതുവഴി ഇയാളുടെ അച്ഛനെ വിളിച്ച് ഫോണിൽ സംസാരിച്ചപ്പോൾ ഒരു വർഷത്തോളമായി മകനെ കാണാത്തതിൽ നോർക്കയിലും മുഖ്യമന്ത്രിക്കും പോലീസിലും എല്ലാം പരാതി നൽകി പ്രതീക്ഷയറ്റ നിമിഷത്തിലാണ് ടൗൺ പോലീസിൽ നിന്നും ഈ വിളി വരുന്നതെന്നും പറഞ്ഞു.

രാത്രി 12 മണിയോടെ സ്റ്റേഷനിൽ എത്തിയ അച്ഛൻ്റെയും കുടുംബാംഗങ്ങളുടെയും കൂടെ ടൗൺ പോലീസ് SI മുരളീധരൻ, ASI വിജയമോഹൻ, CPO മാരായ ഉല്ലാസ്, പ്രജിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഋഷി രാജിനെ സ്റ്റേഷനിൽ വെച്ച് കൈമാറി. സർവീസിനപ്പുറം മനുഷ്യരുടെ ഹൃദയത്തിൽ നിലനിൽക്കുന്ന സേവാഭാവം, ഒരു കുടുംബത്തിന്റെ ജീവിതത്തിൽ സന്തോഷം തിരികെ കൊണ്ടുവന്നിരിക്കുന്നു. ദൈവത്തിന്റെ കൈത്തിരിയെന്നോണം പ്രവർത്തിച്ചു ടൗൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
