ഡോ. ഇസ്മായിൽ മരിതേരിക്ക് രത്തൻ ടാറ്റ നാഷണൽ ഐക്കൺ അവാർഡ്

ഡോ. ഇസ്മായിൽ മരിതേരിക്ക് രത്തൻ ടാറ്റ നാഷണൽ ഐക്കൺ അവാർഡ്. പ്രമുഖ അധ്യാപകനും അന്താരാഷ്ട്ര പരിശീലകനും കോളമിസ്റ്റുമായ ഡോ. ഇസ്മായിൽ മരിതേരി രത്തൻ ടാറ്റ ദേശീയ പുരസ്കാരത്തിന് അർഹനായി. ഇന്ത്യയിലെ മികച്ച വ്യക്തിത്വങ്ങളെ കണ്ടെത്തി നൽകുന്ന പുരസ്കാരമാണ് ഇത്. ഗ്രാമീണ മേഖലയിലെ ശാക്തീകരണത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ, ഒരു പരിശീലകൻ എന്ന നിലയ്ക്കുള്ള മികച്ച പ്രവർത്തനങ്ങൾ, സാംസ്കാരിക രംഗത്തെ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.

നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഹയർ സെക്കണ്ടറി സ്കൂളുകളിൽ അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്ലസ്ടു അധ്യാപകനുള്ള അസറ്റ് പുരസ്കാരം നേടിയിട്ടുണ്ട്. ഫെബ്രുവരി 10ന് മഹാരാഷ്ട്ര സദനിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
