KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ യുവതാരം രോഹന്‍ കളിക്കാനവസരം കിട്ടാതെ മടങ്ങി

കോഴിക്കോട്: ഇംഗ്ലണ്ടിനെതിരെ അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയ കേരളത്തിന്റെ യുവതാരം രോഹന്‍ എസ്. കുന്നുമ്മല്‍ കളിക്കാനവസരം കിട്ടാതെ മടങ്ങി. പ്രായത്തിന്റെ കണക്കുകളില്‍ത്തട്ടിയാണ് രോഹന് അവസരം നഷ്ടമായത്.

അടുത്ത വര്‍ഷം ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പാകുമ്പോഴേക്ക് രോഹന്റെ പ്രായം 19 വയസ്സിന് മുകളിലാകും. ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ളവരെ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് അവസാന നിമിഷം തീരുമാനമുണ്ടായതോടെ രോഹന് നാട്ടിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു.

ജൂനിയര്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നെയാണ് രോഹനെ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രിതന്നെ രോഹന്‍ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടില്‍ തിരിച്ചെത്തി.

Advertisements
ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിന മത്സര പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിലാണ് രോഹന്‍ ഇടം നേടിയത്. മുബൈയില്‍ തിങ്കളാഴ്ചയായിരുന്നു ആദ്യ ഏകദിനം. പരമ്ബരയ്ക്കു മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തില്‍ രോഹന്‍ 40 റണ്‍സടിച്ചിരുന്നു.

എന്നാല്‍ ഏകദിന പരമ്ബരയില്‍, അടുത്ത ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ളവര്‍ക്കു മാത്രം അവസരം കൊടുത്താല്‍മതിയെന്ന് തീരുമാനിച്ചു. 1998 മെയില്‍ ജനിച്ച രോഹന് ഇപ്പോള്‍ 19 വയസ്സുണ്ട്. അതുകൊണ്ടുതന്നെ അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാനാകില്ല. അതോടെ ഏകദിന മത്സരം നഷ്ടമായി. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി 13-ന് തുടങ്ങുന്ന ചതുര്‍ദിന മത്സരത്തില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഹന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *