KOYILANDY DIARY.COM

The Perfect News Portal

പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ അക്രമം

തലശേരി: പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ അക്രമം. ബ്ളോക്ക് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് എം. സുകുമാരന് (68) വെട്ടേറ്റു. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ഇയാളുടെ ബേക്കറിയും തകര്‍ത്തിട്ടുണ്ട്. സുകുമാരന്‍ പത്തായക്കുന്നിലെ ബേക്കറി തുറക്കുന്നതിന് രാവിലെ എത്തിയതായിരുന്നു. ഈ സമയം കട പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ് കണ്ടത്. സമീപത്തുണ്ടായിരുന്ന അക്രമി സംഘം ഇയാള്‍ക്കു നേരെ തിരിയുകയായിരുന്നു.

വാളുകൊണ്ടുള്ള വെട്ടില്‍ കൈയിലും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോരയില്‍ കുളിച്ച്‌ റോഡില്‍ കിടന്ന ഇയാളെ അരമണിക്കൂര്‍ ശേഷമാണ് അശുപത്രിയില്‍ എത്തിച്ചത്. സുകുമാരനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനു പിന്നില്‍ ആറ് പേരുണ്ടെന്നാണ് വിവരം. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി കൂടിയാണ് സുകുമാരന്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌ ബേക്കറിയില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി തര്‍ക്കം ഉടലെടുത്തിരുന്നു. കടയില്‍ സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കതിരൂര്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ക്യാമറ തകര്‍ത്തതിനെതിരെ പരാതി നല്‍കിയതാണ് അക്രമത്തിന് കാരണമെന്നാണ് പ്രഥമിക വിവരം. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് സുകുമാരന്‍. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, ബി.ജെ.പി നേതൃത്വം ഇക്കാര്യം നിഷേധിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. റിട്ട: അധ്യാപകന്‍ കൂടിയാണ് സുകുമാരന്‍. കതിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *