തുവ്വക്കോട് എ എൽ പി സ്കൂൾ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തുവ്വക്കോട് എ എൽ പി സ്കൂൾ 140-ാം വാർഷികാഘോഷം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന പൂർവ്വ വിദ്യാർത്ഥി മാധവി അമ്മ തച്ചനാടത്തിനെ പൊന്നാട ചാർത്തി ആദരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, ബ്ലോക്ക് മെമ്പർ ഷീബ ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്ക്കൗട്ട് & ഗൈഡ് ബുൾബുൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രൈമറി വിദ്യാലയമായ ഈ സ്ക്കൂളിൻ്റെ വാർഷികാഘോഷ സമാപന സമ്മേളനവും കെട്ടിട ഉദ്ഘാടനവും 2025 ജനുവരി മാസത്തോടെ പൂർത്തിയാകും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ” ശ്രുതിമധുരം” ഗാനമേള അരങ്ങേറി. സ്കൂൾ മാനേജർ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് പ്രധാനാധ്യാപികയും സ്വാഗത സംഘം ജനറൽ കൺവീനറുമായ സഹീന എൻ ടി സ്വാഗതവും മാതൃസമിതി ചെയർപേഴ്സൺ ധന്യ എം പി നന്ദിയും പറഞ്ഞു.
