സ്പെഷ്യൽ ഒളിമ്പിക്സ് ഡിസംബർ 27 മുതൽ കോഴിക്കോട്

കോഴിക്കോട്: സ്പെഷ്യൽ ഒളിമ്പിക്സ് കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്റ്റേഡിയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. പുതിയ സമയവും ദൂരവും ഉയരവും തേടി പ്രത്യേക പരിഗണന അർഹിക്കുന്നവർ കളത്തിലിറങ്ങും. കേരളത്തിലെ അഞ്ഞൂറിലധികം സ്പെഷ്യൽ, ബഡ്സ്, പബ്ലിക് സ്കൂളുകളിൽ നിന്നായി ഏകദേശം 5000 കായികതാരങ്ങളും രക്ഷിതാക്കളും അധ്യാപകരും പരിശീലകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ ഏഴായിര-ത്തോളംപേർ മീറ്റിനെത്തും.

അഞ്ച് പ്രായ വിഭാഗങ്ങളിലായാണ് മത്സരം. ബൗദ്ധിക വൈകല്യമുള്ള വ്യക്തികളെ കായികരംഗത്ത് ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ ഉയർത്തിക്കാട്ടാനുമാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സ്പെഷ്യൽ ഒളിമ്പിക്സ് കേരള സ്റ്റേറ്റ് മീറ്റ് 2024-നോടനുബന്ധിച്ച് കലിക്കറ്റ് പ്രസ് ക്ലബുമായി സഹകരിച്ച് ഡിസംബർ അഞ്ചിന് ‘വികലാംഗരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ’ എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കും.

എരഞ്ഞിപ്പാലത്തെ യുഎൽ കെയർ നായനാർ സദനത്തിലാണ് പരിപാടി. കൂടാതെ ഒളിമ്പിക്സിനെ വരവേൽക്കാനായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. യൂനിഫൈഡ് ബഡ്ഡിമാർച്ച്, തെരുവോര ചിത്രരചന, സഹോദരസംഗമം, ഫ്ലാഷ്മോബ്, സൈക്കിൾ റാലി, കൂട്ടയോട്ടം തുടങ്ങിയ പരിപാടികളുമൊരുക്കും.

ലോഗോ പ്രകാശിപ്പിച്ചു
കോഴിക്കോട്
കായികരംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായികമേളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഏറ്റുവാങ്ങി. യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, എ അഭിലാഷ് ശങ്കർ, പി ബിജോയ് എന്നിവർ പങ്കെടുത്തു.
