പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് MDMA നൽകി ലൈംഗികാതിക്രമം നടത്തിയ 22കാരനെ ടൗൺ പോലീസ് പിടികൂടി. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫ് (22) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിലിരിക്കുകയായിരുന്ന അതിജീവിതയെ ബൈക്കിൽ എത്തിയ പ്രതി കടത്തിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ വെച്ച് ബലമായി MDMA നൽകുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

പ്രതി മിഠായി തെരുവിൽ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിതേഷ്, SI മാരായ മുരളീധരൻ, ഷബീർ, SCPO ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
