കഞ്ചാവ് വില്പനക്കിടെ കല്ലായി സ്വദേശി പിടിയിൽ

ചെമ്മങ്ങാട്: വിൽപനയ്ക്കായി കൊണ്ടുവന്ന 1. 448 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി സമ്മു നിവാസിൽ അബ്ദുൾ സമദ് (46) ആണ് പിടിയിലായത്. ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ മാത്യു, സജിത്ത്, SCPO മാരായ വിശോബ് ലാൽ, സിബീഷ്, രഞ്ജിത്ത് എ, കൃഷ്ണകുമാർ, രഞ്ജിത്ത് കെ എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടയിൽ മുഖദാർ ജുമാമസ്ജിദ് സമീപം പ്രതി പതുങ്ങുന്നത് കാണുകയും, വാഹനം നിർത്തിയപ്പോൾ ഓടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവെച്ച് പരിശോധിച്ചതിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന കവറിൽനിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉള്ള പ്രതി കോഴിക്കോട് കല്ലായി, മുഖദാർ, ചെമ്മങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മറ്റും കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണെന്നും, പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനിൽ മാരകായുധംകൊണ്ട് ആക്രമിച്ചതിനും, മയക്കുമരുന്ന് ഉപയോഗിച്ചതിനും, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ്സും, മയക്കുമരുന്ന് ഉപയോഗിച്ചതിനുമായി ആറോളം കേസ്സുകൾ നിലവിലുണ്ടെന്നും ചെമ്മങ്ങാട് പൊലീസ് പറഞ്ഞു.
