വാടക ജി എസ് ടിയിൽ നിന്നും മെഡിക്കൽ ഷോപ്പുകളെ ഒഴിവാക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു

കൊയിലാണ്ടി: വാണിജ്യ സ്ഥാപനങ്ങളിൽ പതിനെട്ട് ശതമാനം വാടക ജി എസ് ടി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും മെഡിക്കൽ ഷോപ്പുകളെ സമ്പൂർണമായും ഒഴിവാക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു.

ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്യുന്ന പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന സേവന മേഖലയായ മെഡിക്കൽ ഷോപ്പുകളിൽ ജി എസ് ടി ചുമത്തുന്നത് ഈ മേഖലയിലെ ചെറുകിട കച്ചവടത്തിൻ്റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്ന് അസോസിയേഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു. നവീൻലാൽ പാടിക്കുന്ന്, സലീഷ് കുമാർ എസ്.ഡി, ഷാഹി പി.പി, റനീഷ്. എ.കെ, സജിത അത്തോളി, കരുണൻ വി.കെ, ഷഫിഖ് കൊല്ലം, സുരേഷ് പി.എം, അരുൺ രാജ് എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി എം ജിജീഷ് സ്വാഗതം പറഞ്ഞു.
