KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിന്റനൻസ്‌ ഗ്രാന്റിന്റെ മുന്നാം ഗഡു 1377 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ ആകെ 1929 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. ജില്ലാ പഞ്ചായത്തുകൾക്ക്‌ 375 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 377 കോടിയും വകയിരുത്തി. കോർപറേഷനുകൾക്ക്‌ 282 കോടിയും അനുവദിച്ചു.

വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 193 കോടിയും, കോർപറേഷനുകൾക്ക്‌ 222 കോടിയും ലഭിക്കും. മെയിന്റനൻസ്‌ ഗ്രാന്റിലും ഗ്രാമ പഞ്ചായത്തുകൾക്ക്‌ 929 കോടി രുപയുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 75 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 130 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 184 കോടിയും, കോർപറേഷനുകൾക്ക്‌ 60 കോടിയുമുണ്ട്‌.

കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 9800 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.

Advertisements
Share news