KOYILANDY DIARY.COM

The Perfect News Portal

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയതിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ബേഗൂരിലെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.

അതേസമയം, കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനം വകുപ്പ് ഉടൻ നടപടിയെടുത്തു. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തു. വനംമന്ത്രി എകെ ശശീന്ദ്രൻ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് കൊള്ളിമൂല സെറ്റിൽമെന്റിൽ നിന്നും ബലമായി ഒഴിപ്പിച്ച മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്.

Share news